Wednesday 12 October 2011

ഒരു സായാഹ്നത്തിന്റെ ഓര്‍മ്മയ്ക്ക്

“വെള്ളത്തിലേയ്ക്കാരുമിറങ്ങരുത്”-നിങ്ങളെയൊക്കെ തിരിച്ചങ്ങെല്പിക്കണ്ടതാ”
ഇതിനൊക്കെയിറങ്ങിത്തിരിയ്ക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ആ പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ - ഇന്‍സേര്‍ട്ട് ചെയ്ത സുമുഖന്‍ ബസ്സിന്‍റെ അരുകില്‍നിന്നുകൊണ്ട് അവജ്ഞകലര്‍ന്ന ദേഷ്യത്തോടെ പറഞ്ഞു.
ഇതിനുമുന്‍പ് കടല്‍ കണ്ടിട്ടില്ലാത്തവരായിരുന്നിരിക്കണം അതിലതികവും. കടല്‍പ്പാലവും നീണ്ട പഞ്ചാരമണലും ചുവന്നുതുടങ്ങിയ സൂര്യനും മേഘവും ആ കുരുന്നു മനസുകളില്‍ എന്തുവികാരമാണ് ഉണര്‍ത്തിയതെന്ന്‍ അറിയില്ല. ഏതോ ഭീകരവസ്തുവിനെ കാണുന്നത്പോലെയായിരുന്നു അവരില്‍ ചിലരെങ്കിലും അതിനെ കണ്ടത്. കാരണം റിസ്ക്‌ ഒഴിവാക്കാനായി ആ സുമുഖന്‍ അവരില്‍ പല വിഷവും കുത്തിവെച്ചിരുന്നല്ലോ.
ബസ്സിലെ കണ്ണാടിയില്‍ നോക്കി പാറിക്കിടന്ന മുടിയൊക്കെ ഒതുക്കി, തെന്നിമാറിയ പ്ലാസ്റ്റിക്‌ പൊട്ട് യഥാസ്ഥാനത്താക്കി, ഓര്‍ഗണ്ടി സാരിയുടെ ഒടിവൊക്കെ കൈകൊണ്ട് തന്നെ നിവര്‍ത്തി ഞൊറിച്ചില്‍ നേരെയാക്കി ഏകദേശം പത്തുമിനിറ്റുകൊണ്ട്‌ ഒരു ലേഡി ടീച്ചര്‍ ഹൈഹീല്‍ട് ചെരുപ്പില്‍ മെല്ലെ സുമുഖന്‍റെ അടുക്കല്‍ വന്ന് ആരെയൊക്കെയോ കുറ്റം പറഞ്ഞുകൊണ്ടിരുന്നു.
കുട്ടികള്‍ ബല്യസഹജമായ വികൃതികളോടെ ആ പഞ്ചാരമണലില്‍ ഓടുകയായിരുന്നു. അവരില്‍ ഒരുവന്‍ മാത്രം കൈക്കുടുന്നയില്‍ മണല്‍നിറച്ചും ശംഖുകള്‍ പെറുക്കിയെടുത്തും നടന്നു. ഇതു കണ്ട താമസം, സുമുഖന്‍റെ കണ്ണുകള്‍ ചുമന്നു. ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് “ഫ്രെഡി എന്തായിക്കാണിക്കുന്നെ, കയ്യ്കള്‍വൃത്തികേടാകില്ലേ, കളയു അതെല്ലാം.”
പയ്യന്‍സ് പേടിച്ച് വിറച്ചുകൊണ്ട് കയ്യില്‍ ഉള്ളതൊക്കെ കളഞ്ഞു.
ഉടന്‍തന്നെ “മതി കളിച്ചത്, എല്ലാവരും ബസ്സില്‍ കയറൂ“ ദശരഥാജ്ഞയും വന്നു.
കുട്ടികള്‍ വരിവരിയായി ബസ്സിനകത്തെക്ക് അനുസരണയുള്ള ഒരു കൂട്ടം നിക്കറും ഷര്‍ട്ടുമിട്ട കുരങ്ങുകളെപ്പോലെ കയറി. ഒരു കിളിനാദം ബസ്സിനുള്ളില്‍ നിന്നും കേട്ട് തുടങ്ങി.
“Tom”
അതിനുള്ള മറുപടിയും-
“Yes Teacher”
“Dilip”
“Yes Teacher”
“Pravida”
“Yes Teacher”
………………………………………
………………………………………
………………………………………
അസ്തമയത്തിനു മുന്പ് തന്നെ ആ കുട്ടികളെയും വഹിച്ചുകൊണ്ട് ബസ്സ്‌ മറ്റേതോ നരകത്തിലെയ്ക്ക്...............