Tuesday 1 November 2011

അനുയാത്ര

ചെറിയ ചെറിയ ഇടവേളകള്‍ക്കുശേഷം മഴ ഇന്നും തിമിര്‍ത്തു പെയ്യുകയാണ് –ഇന്നലകളുടെ ബാക്കിയെന്നോണം.
മുറ്റം മുഴുവനും വെള്ളം കയറിയിരിക്കുന്നു , രാത്രിയിലെപ്പഴോ കുളം കവിഞ്ഞിരിക്കണം.

മഴത്തുള്ളികളുടെ സംഗീതത്തില്‍ പത്രത്തിലെ ചരമവാര്‍ത്തകളിലൂടെ യാത്ര തുടങ്ങിയിട്ട് സമയം ഏറെ ആയിരുന്നു. അമ്മകൊണ്ടുവെച്ച ചായ തണുത്തുറഞ്ഞു പാടചൂടിയിരിക്കുന്നു. അകത്തു ക്ലോക്കിന്‍റെ മണിമുഴക്കം ഏഴ് പ്രാവശ്യം എണ്ണി.തല ഉയര്‍ത്തി ആകാശത്തില്‍ ഞാന്‍ പകലിന്‍റെദേവനെത്തേടി, ഉരുണ്ടുകൂടിയ കറുത്ത മേഘങ്ങളാല്‍ പരാജിതനായി വീണ്ടും പത്രത്താളുകളില്‍ ഇല്ലാത്ത വാര്‍ത്തകള്‍ക്ക് വേണ്ടി അലഞ്ഞു.

ഒടുവില്‍ ആ ശ്രമവും ഉപേക്ഷിച്ച്, പത്രം നെഞ്ചോടു ചേര്‍ത്ത് ഈസിചെയറിന്‍റെ വലത്തെകൈയ്യില്‍ കാലുരണ്ടും എടുത്തുവച്ച് ഓടുകളില്‍ നിന്നിറ്റുവീഴുന്ന മഴവെള്ള തുള്ളികളും നോക്കി ഇമവെട്ടാതെകിടന്നു.

ഓരോ തുള്ളിയിലും ഓരോ മുഖങ്ങള്‍, പരിചയമുള്ളവയും ഇല്ലാത്തവയും അവ ഒന്നൊന്നായി എന്നേനോക്കി പരിഹസിച്ചു ചിരിക്കുന്നു. ഒരേ ഉദരത്തിന്‍റെ സന്തതികള്‍, ഗുരുക്കന്മാര്‍, സുഹൃത്തുക്കള്‍, കാമുകി എന്നിങ്ങനെ അവരുടെ പട്ടിക നീണ്ടുകൊണ്ടിരിക്കുന്നു. ഒരേ അച്ചില്‍തീര്‍ത്ത അവരുടെ മുഖഭാവം എന്നെ ചിതയിലേക്ക് ആഞ്ഞുവലിക്കുന്നു.

ഒരു നിമിഷം മുഖം പൊത്തിയതിനുശേഷം ഭയത്തോടെ വെള്ളത്തുള്ളികളിലേയ്ക്ക്‌ മടങ്ങിയെ ത്തിയപ്പോള്‍, മഞ്ഞിന്‍ മറയ്ക്കുള്ളിലെന്നപോലെ അവ്യക്തമായതും എന്നാല്‍ സുപരിചിതവുമായ ഒരു മന്ദസ്മിതം. വിശ്വാസം പോരാഞ്ഞ് കണ്ണ്‍ അമര്‍ത്തിതിരുമി. എന്നിട്ടും പൊഴിഞ്ഞു വീണുകൊണ്ടിരുന്ന ഓരോ തുള്ളിയിലും ആ മന്ദസ്മിതം - സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ , അധികാരത്തിന്‍റെ, ഓമനത്വത്തിന്‍റെ - നിറഞ്ഞുനിന്നിരുന്നു.

“മനു മോന് ഇന്നു നന്ദ്യാര്‍വട്ടം പൂവിട്ടിട്ടില്ല, എന്തു ചെയ്യും “ രാജിച്ചേച്ചി മുട്ടേല്‍ നിന്ന് എന്‍റെ ടൈ യില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. “ കള്ളം പറയാതെ ചേച്ചി ഞാന്‍ കണ്ടതല്ലേ, നിറയെ വിടര്‍ന്നിട്ടുണ്ട്”.
ചേച്ചി എന്നെ പൊക്കിയെടുത്ത് മുറ്റത്തേക്കോടി. നന്ദ്യാര്‍വട്ടത്തിന്‍റെ അടുത്തെത്തി തോളിലിരുത്തി എന്നെക്കൊണ്ടുതന്നെ ഒരെണ്ണം നുള്ളിച്ചു.

ചേട്ടന്‍റെ കയ്യില്‍ത്തുങ്ങിയാണ് നഴ്സ റി യിലേയ്ക്ക് പോകുന്നത്. വലിയ ഗേറ്റ് വരെ ചേട്ടന്‍ കൊണ്ടുവിടും. അവിടെ എന്നെയുംകാത്ത് കയ്യില്‍ ഒരു ചോക്ലേറ്റും മുഖം നിറയെ വത്സല്യവുമായി അനു ടീച്ചര്‍ ഉണ്ടായിരിക്കും – ഒരു ബാല്യം മുഴുവന്‍ അവര്‍ ആ നില്‍പ്പു തുടര്‍ന്നു.

എന്നെ എളിയില്‍ ഇരുത്തി ക്ലാസ്സില്‍ കൊണ്ട് ചെന്നാക്കിയതിനുശേഷമേ അനു ടീച്ചര്‍ ഓഫീസ് മുറിയിലേക്ക് പോയിരുന്നുള്ളൂ . ഇതിനിടയില്‍ എപ്പോഴോ ചോക്ലേറ്റും നന്ദ്യാര്‍വട്ടവും ക്കൈമാറിയിരുന്നിരിക്കും. മൂന്നരയ്ക്ക് ചേട്ടന്‍റെ അടുക്കല്‍ എന്നെ തിരികെ ഏല്‍പ്പിക്കുമ്പോഴും ടീച്ചറിന്‍റെ നീണ്ട മുടിയില്‍ ആ നന്ദ്യാര്‍വട്ടം കാണും, ഒട്ടും വാടാതെ.

വീണ്ടും ഒരു ഇടവേള, തുള്ളികളുടെ വേഗത നന്നേ കുറഞ്ഞിരിക്കുന്നു. തുള്ളികളില്‍ അനു ടീച്ചറുടെ മുഖം വ്യക്തമാകുകയും ഒപ്പം താഴെ വീണ് ചിതറുകയും ചെയ്യുന്നു. ഒരിക്കല്‍ കൂടി ഞാന്‍ മുഖം പൊത്തി.

ടീപ്പോയിന്മേലെ ചായ പാടചൂടിയ അവസ്ഥയില്‍ തന്നെയിരിക്കുന്നു. “അമ്മേ എനിക്ക് ഒരു ഗ്ലാസ്‌ ചായ കൂടി വേണം “ ഞാന്‍ വിളിച്ചു പറഞ്ഞു. അമ്മ അത് കേട്ടില്ലെന്ന് തോന്നുന്നു. ഞാന്‍ ആവര്‍ത്തിച്ചു. “ അല്ല, ഇതു നീ ഇതുവരെയായിട്ടും കുടിച്ചില്ലേ” പാട ചൂടിയ ചായ നോക്കി അമ്മ പറഞ്ഞു. ഒന്ന് നിര്‍ത്തി അമ്മ തുടര്‍ന്നു “ വായും മുഖവും കൂടി കഴുകാതെ കലത്തോടെ ചായ മോന്തുന്ന നീ” മുഴുമിപ്പിക്കാതെ തന്നെ ക്കൈയ്യി ലേയ്ക്ക് വീണ നേര്യതിന്‍റെ തുമ്പ്‌ തോളത്തിട്ട് അകത്തേയ്ക്കു പോയി.

ഒരു മാസത്തെ അജ്ഞാത വാസം –
ആവര്‍ത്തന വിരസങ്ങളായ ദിനങ്ങളില്‍ നിന്നും വിട്ട് മനോരാജ്യ സഞ്ചാരത്തിനുവേണ്ടിയും, മുഖം മൂടിക്കുള്ളിലെ യഥാര്‍ത്ഥമുഖത്തെ തിരിച്ചറിയാനും വേണ്ടി ഒരു ശ്രമം.
പൂര്‍ണ വിജയത്തിലെത്തിയ പരീക്ഷണം, പക്ഷെ കൂട്ടിക്കിഴിക്കലുകള്‍ക്ക് അവസാനം നഷ്ടം മാത്രം ബാക്കി.
മിഥ്യയെങ്കിലും സ്വര്‍ണ്ണരഥത്തില്‍ വായുവേഗത്തില്‍ ലക്ഷ്യമില്ലാതെ അലഞ്ഞപ്പോഴൊന്നും ഒറ്റപ്പെടലിന്‍റെ മാനസികവ്യഥ ബാധിച്ചിരുന്നില്ല.ഇപ്പോള്‍ ................... ഒന്നും വേണ്ടിയിരുന്നില്ലന്ന് തോന്നുന്നു.
ഒരു സാന്ത്വനമെന്നോണം അനു ടീച്ചര്‍ മഴത്തുള്ളികളായി നിറഞ്ഞു നില്‍ക്കുന്നു.

അച്ഛനും അമ്മയുമൊത്ത് അവസാനമായ് അനു ടീച്ചറുടെ വീട്ടില്‍ ചെന്നത് ഇന്നും മായാതെ നില്‍ക്കുന്നു. എന്നെ വാരിയെടുത്ത് മുടി പിറകോട്ട് തഴുകി നെറ്റിയില്‍ തുടരെ ചുംബിച്ച് തുളുമ്പിയ കണ്ണുകള്‍ തുടച്ച്‌ ടീച്ചര്‍ പറഞ്ഞു. “ മോനെ, ഇതു മുഴുവന്‍ മനുക്കുട്ടനുള്ളതാ” ഒരു ഡപ്പി നിറയെ ചോക്ലേറ്റുകള്‍, പലനിറത്തിലുള്ള വര്‍ണകടലാസുകളില്‍ പൊതിഞ്ഞവ. ഞാനത് വാങ്ങി. “ ഇനി മോന്‍റെ അനു ടീച്ചര്‍ക്ക്‌ ചോക്ലേറ്റ് തരാന്‍ പറ്റിയില്ലെങ്കിലോ .........”. അന്ന് ആ വാക്കുകളുടെ അര്‍ത്ഥം മനസ്സിലായിരുന്നെങ്കില്‍ ഒന്ന് പൊട്ടിക്കരഞ്ഞ് ഇന്നത്തെ ഈ തീരാവേദന അലിയിക്കാമായിരുന്നു.

“മനൂ” അമ്മ “നിനക്ക് ചിറ വരെ ഒന്നു പൊയ്ക്കുടെ, ഇന്നലത്തെ കാറ്റില്‍ വീണ ഉണക്കതേങ്ങകളെല്ലാം ആവശ്യക്കാര് കൊണ്ടുപോയെന്നു തോന്നുന്നു . നിനക്കതൊന്നും അറിയണമെന്നില്ലല്ലോ . നീയല്ലാതെ ഇനി ആരാ ഇതൊക്കെ നോക്കാന്‍ ഉള്ളെ? പറ്റുമെങ്കില്‍ ആ കറുമ്പനെ കൂടെ കൂട്ടി വിളഞ്ഞതെല്ലാം ഇട്ടോണ്ട് പോരെ. അമ്മിണിയെ അങ്ങോട്ടയച്ചേയ്ക്കാം അവള്‍ ആ കൊതുമ്പുകളെല്ലാം കെട്ടി ഇങ്ങ് കൊണ്ടുപോരും.”

മനസ്സില്‍ തെങ്ങോ തേങ്ങയോ കൊതുമ്പോ ഇല്ല. മഴത്തുള്ളികളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ മന്ദസ്മിതം മാത്രം, സ്നേഹം മാത്രം.

****************************************************************************

ഞാന്‍ യാത്ര തുടങ്ങുകയായിരുന്നു. എന്നെതേടിയുള്ള യാത്ര- വിളിപ്പാടുകള്‍ക്കും അകലെ, പ്രകാശ ശ്രോതസിനുവേണ്ടിയുള്ള യാത്ര.

ഇപ്പോല്‍ പാതിരാത്രി കഴിഞ്ഞ ഈ വേളയില്‍ എനിക്ക് കൂട്ട് മാനത്തു പൂവിട്ട നന്ദ്യാര്‍വട്ടങ്ങള്‍ മാത്രം.
ഒരു കൊച്ചുകുട്ടി നിഷ്പ്രയാസം കോണിപ്പടികള്‍ കയറും പോലെ – വീട്ടിലെ ഈസി ചെയറി ലുള്ള കിടപ്പും, അനു ടീച്ചറെ തിരക്കി അവരുടെ കൂട്ടുകാരിയായിരുന്ന നിര്‍മല ടീച്ചറിന്‍റെ വീട്ടില്‍ ചെന്നതും, അവിടെ നിന്നും അനു ടീച്ചറുടെ കുടുംബവീട് തേടിപിടിച്ചതും തുടര്‍ന്ന് എത്രയോ അകലെ ,എത്രയോ ദുര്‍ഘട മാര്‍ഗത്തിലൂടെ അനു ടീച്ചറുടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തി അത്താഴം കഴിച്ചതും ഇപ്പോല്‍ ഈ ലോഡ്ജില്‍ ഈ ജന്നലിനരികില്‍ അനു ടീച്ചറുടെ പട്ടണത്തില്‍ ആകാശം നോക്കി കിടക്കുന്നതും – പടിപടിയായി കയറി വരുന്നു. അവ ഒന്നും ഒഴിയാതെ തന്നെ നക്ഷത്രങ്ങള്‍ക്ക് പറഞ്ഞുകൊടുത്ത് നിദ്രയുടെ അഗാധ ഗര്‍ത്തത്തിലേക്ക്...................

“ സാര്‍ ..... ടി” വെയ്റ്റര്‍...
സമയം ആറര കഴിഞ്ഞിരിക്കുന്നു. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം റിസപ്ഷനില്‍ താക്കോല്‍ തിരികെ ഏല്‍പ്പിച്ചു.
ടീച്ചറുടെ വീട്ടിലേക്ക് ഇനിയും നാല് കിലോമീറ്റര്‍. ഭാഗ്യം റിസപ്ഷനിസ്റ്റ് പറഞ്ഞ ബോര്‍ഡ്‌ വെച്ച ബസ്‌ വന്നു നിന്നു.

പരിചയമില്ലാത്തയിടം പരിചയമില്ലാത്ത മുഖങ്ങള്‍. ഡോറില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനോട് ഇറങ്ങേണ്ട സ്ഥലം പറഞ്ഞുകൊടുത്ത് തൊട്ടു മുന്‍പിലെ സീറ്റില്‍ ഇരുന്നു.

തെളിഞ്ഞ ആകാശം, തെളിഞ്ഞ ഭൂമി, പുത്തന്‍ ഉടുപ്പിട്ടപോലെ പ്രകൃതി അണിഞ്ഞോരുങ്ങിയിരിക്കുന്നു.
ചെറിയ പൊട്ടുതൊട്ട്, കണ്ണെഴുതി, ചിരിച്ചുകൊണ്ട് ഉമ്മറത്ത് കാത്തുനില്‍ക്കുന്ന അനു ടീച്ചര്‍. കണ്ട മാത്രയില്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ച്‌ എന്നെ അകത്തേയ്ക്ക് കൂട്ടി. ഒന്നും സംസാരിച്ചില്ല. നീണ്ട മൗനം. വാക്കുകള്‍ നഷ്ടമാകുന്നു ഇരുവര്‍ക്കും . ഒടുവില്‍ “ നന്ദ്യാര്‍വട്ടം?” ടീച്ചര്‍ മുഖത്ത് പ്രസന്നത വരുത്തി ചോദിക്കുന്നു. ഞാനും ചിരിക്കുന്നു.

“ഏയ്‌ ഇറങ്ങേണ്ട സ്ഥലമായി “ ഡോറില്‍ നിന്നുകൊണ്ട് എന്‍റെ തോളത്തു തട്ടി ‘കിളി’ പറഞ്ഞു.
ടിക്കറ്റ്‌ തിരികെ ഏല്‍പ്പിച്ചു ഞാന്‍ ഇറങ്ങി.

നന്നേ തിരക്കുകുറഞ്ഞ റോഡ്‌. വലതു വശത്തെ മാടകടയില്‍ അനു ടീച്ചറിന്‍റെ അച്ഛന്‍ തന്ന അഡ്രസ്‌ കാണിച്ചു.
“കിഴക്കോട്ടുപോകുമ്പോള്‍ വലത്തോട്ട് ഒരിടവഴിയുണ്ട് കഷ്ടി നൂറു മീറ്റര്‍ എത്തുമ്പോള്‍ വലത്ത് താഴേക്ക് ഒരു ചെങ്കല്‍ പടി, അത് നേരെ അവരുടെ വീട്ടിലേക്കാ” മാടകടക്കാരന്‍ പറഞ്ഞു .
അയാളോട് നന്ദി പറഞ്ഞ് ഞാന്‍ നടന്നു.

ചെങ്കല്‍ പടവുകളും ഇറങ്ങി മുറ്റവും കടന്നു ഉമ്മറത്തെത്തി. വൃത്തിയും വെടിപ്പുമുള്ള ഒരു ചെറിയ വീട്. അടഞ്ഞു കിടക്കുന്ന വാതില്‍, ആരെയും കാണാഞ്ഞു ഞാന്‍ ഇടതുവശത്തേയ്ക്ക് നോക്കി, ഒരു നന്ദ്യാര്‍വട്ടം നിറയെ പൂവിട്ടു നില്‍ക്കുന്നു.

അഞ്ചോ ആറോ വയസുള്ള ഒരു കുട്ടിയുടെ ശബ്ദം അകത്ത്എവിടെയോ കേട്ടു.
ബെല്ല് അമര്‍ത്താന്‍ വികാരാധിക്യത്താല്‍ ശരിക്കും കഷ്ടപെടേണ്ടി വന്നു.
“മനു, ആരാ വന്നതെന്ന് നോക്കിയെ” അതെ സുപരിചിതമായ, മധുരമേറിയ ആ ശബ്ദം. ഞാനത് തിരിച്ചറിഞ്ഞു. ചുണ്ടുകള്‍ വിറയാര്‍ന്നു, കണ്ണുകള്‍ നിറഞ്ഞു.
“ എനിക്കു വയ്യിപ്പോള്‍ “ കുട്ടിയുടെ മറുപടി.

ദൈര്‍ഖ്യം കൂടിയ നിമിഷങ്ങള്‍ ഓരോന്നായി കൊഴിയുന്നു.
കര്‍ണമധുരമായ കൊലുസുകളുടെ ശബ്ദം ഒരേ താളക്രമം.
നിറഞ്ഞ കണ്ണുകളും കുനിഞ്ഞ ശിരസ്സുമായി, ഉമ്മറത്ത്‌ വാതില്‍ തുറക്കുന്നതും കാത്ത്..............................