Tuesday 6 December 2011

മായ

“രവി, വല്ലതും പറയു ഇന്ന് ഞാന്‍ മാത്രമെ സംസാരിച്ചുള്ളു” മടിയില്‍ തലവെച്ചുകിടന്ന എന്നെ കുലുക്കി അവള്‍ പറഞ്ഞു.

“പറയാം” അത് എന്‍റെതല്ലെന്നു തോന്നിപ്പിക്കുന്ന ഒരു ശബ്ദമായിരുന്നു.

“കടല്‍ക്കാറ്റ് കൊണ്ടിട്ടാണോ അതോ സിഗരറ്റ്‌ കൂടുതല്‍ വലിച്ചിട്ടാണോ രവിയുടെ ചുണ്ടുകള്‍ വല്ലാതെ വരണ്ടിരിക്കുന്നു, രവിയുടെ ഹൃദയമിടുപ്പ് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം, കണ്ണുകളെന്തെ ഇത്രയും ചെമക്കാന്‍? രവീ....” അവള്‍ സാധാരണ സംസാരിക്കുന്നതിലും ഒട്ടും ഉച്ചത്തിലായിരുന്നില്ല സംസാരിച്ചത് പക്ഷെ....

“നിര്‍മ്മലേ, ഞാന്‍ പറയാം.” ചെറിയ ഒരിടവേളയ്ക്ക്ശേഷം ഞാന്‍ പറഞ്ഞു.

“പറയു രവി, രവിക്ക് ഞാനെന്നും നല്ലൊരു കേള്‍വിക്കാരിയല്ലെ?”

“നിര്‍മ്മലെ, ഇങ്ങോട്ടുപോരുന്ന വഴിയില്‍ ആ വാള്‍ ക്ലോക്ക്‌ ഞാന്‍ നദിയില്‍ എറിഞ്ഞു.”

“വാള്‍ ക്ലോക്കോ, എന്തിനു? അത്...അത് രവിക്ക് ആ പെണ്‍കുട്ടി തന്നതല്ലേ?”

“അതെ” അവളുടെ മടിയില്‍ നിന്നെഴുന്നേറ്റു കടലിന് അഭിമുഖമായിരുന്നു ഞാന്‍ പറഞ്ഞു.

“അതെ, മായതന്നതാണെനിക്ക്”
ചെറിയ ഒരു ചിരിയോടെ എന്നെ മടിയിലേക്ക് കിടത്തി അവള്‍ ചോദിച്ചു “മായ ഇപ്പോളും കാത്തിരിക്കുന്നുണ്ടോ?” അവളിലെ ചിരി ചുണ്ടോഴിഞ്ഞു പോയിട്ടില്ലായിരുന്നു.

അവള്‍ എന്നെ കളിയാക്കിയതാണോ, ഹേയ് അവള്‍ക്കു കളിയാക്കാന്‍ അറിയില്ലല്ലോ.

“നിര്‍മ്മലെ, ഒരിക്കല്‍ക്കൂടെ പറയാം- ഞാന്‍ പിന്നീടവളെ കണ്ടിട്ടേയില്ല പക്ഷെ.....”

“ഇതൊക്കെ ഇനിയും പറയണോ രവി?” ഒരു സാന്ത്വനഭാവത്തില്‍ അവളെന്നെ നോക്കി ചോദിച്ചു.

"വേണം നീ എന്നെ അറിയണം, കുറച്ചുനാളത്തെ പരിചയമല്ലേ നിനക്കുള്ളു.”

“എനിക്ക് രവിയെ ഇരുപത്താറു കൊല്ലമായറിയാം.”

“അതിശയോക്തി.”


“അല്ല, സത്യം.” അവളുടെ വിടര്‍ന്ന കണ്ണുകള്‍ ചെരുതായ്‌, പീലികള്‍ക്കിടയിലൂടെ കൃഷ്ണമണി മാത്രം അകലെയെങ്ങോ നോക്കിക്കൊണ്ട് തുടര്‍ന്നു. “സ്ത്രീ സഹജമെന്നു പറയുന്ന ഭയങ്ങളൊന്നും എനിക്കില്ല, അതുപോലെതന്നെ രവിയെയും...... ഞാന്‍ കണ്ട നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം രവിയെ അന്വേഷിച്ചു, ഒടുവില്‍ ഈ ചെറിയ കടലോര പട്ടണത്തില്‍......

അസ്തമയ സൂര്യന്‍ നിര്‍മ്മലയുടെ മുഖത്ത് വന്നവസാനിക്കുന്നത്പോലെ തോന്നിയെനിക്ക്.
“ഇല്ല, ഞാന്‍ കേള്‍വിക്കാരിയാകാം നീ പറയു.” തണുത്ത വിരലുകള്‍ എന്‍റെ കവിളില്‍ മെല്ലെ അമര്‍ത്തി അവള്‍ പറഞ്ഞു.

എനിക്ക് മുകളില്‍ ഒരു മേഘക്കൂട്ടം ചുമന്നുതുടങ്ങി, എങ്ങുനിന്നോ വന്ന ഒരുകൂട്ടം പക്ഷികള്‍ അതും കടന്നു കിഴക്കോട്ട് പോയി.

“നിര്‍മ്മലെ, അതൊരു മഴക്കാലമായിരുന്നു, ഒരിക്കലും ഞാനവിടെ– റബ്ബര്‍ തോട്ടങ്ങളും പാറമടകളും അവയെ ചുറ്റി വലിയ മലകളുമുള്ള അവിടെ- ചെല്ലെണ്ടാതായിരുന്നില്ല. പിന്നയോ..........നിമിത്തം.

“നിമിത്തം?”

“അതെ എല്ലാം നിമിത്തങ്ങളല്ലേ, നീ ഇവിടെ ജോലിക്ക് വന്നതും എന്നെ പരിചയപ്പെട്ടതും, എന്തിന്- എന്‍റെയും നിന്‍റെയും ജനനം പോലും അതിന്‍റെ ഫലങ്ങലല്ലേ?”

“എനിക്ക് തോന്നുന്നില്ല”

“എനിക്ക് തോന്നുന്നു” ഞാന്‍ പറഞ്ഞു. “നിര്‍മ്മലെ, രാവിലെമുതല്‍ കുത്തിയിരുന്ന ആ ഇടുങ്ങിയ മുറിയില്‍ നിന്നും വെളിയില്‍ ഇറങ്ങിയത് സ്വല്പം ശുദ്ധവായുവിനു വേണ്ടിയായിരുന്നു. മുറ്റത്ത്‌ അവിടവിടയായി വെള്ളം കെട്ടിക്കിടന്നിരുന്നു.പെട്ടന്ന് സുര്യന്‍ ഉദിച്ചത്പോലെ ഇലകളിലെ ജലകണികകളില്‍തട്ടി പ്രകാശം അവിടെയാകെ പരന്നിരുന്നു.

“രവി, ഇതിനിടയിലും എന്തിനാണ് ഈ പ്രകൃതിവര്‍ണ്ണന? ഋതുക്കള്‍ മാറിവന്നുപൊയ്ക്കോട്ടെ സുര്യന്‍ കിഴക്കുദിച്ചോട്ടെ, ഇതാ ഇപ്പോള്‍ മറ്റെവിടയോ ഉദിയ്ക്കാനായി അസ്തമിച്ചിരിക്കുന്നു. ഇതുതന്നെയല്ലേ സംഭവിച്ചിട്ടുള്ളത്.

“നിനക്കറിയില്ല, പ്രകൃതിയും നിമിത്തംതന്നെ.”

“അതുപോട്ടെ മുറിയ്ക്കു വെളിയിലിറങ്ങി?”

“വെളിയിലിറങ്ങി..... വളഞ്ഞു മുകളിലേക്ക് പോകുന്ന ആ റോഡിലൂടെ ഒന്ന് നടക്കണമെന്ന് തോന്നി, അപ്പോഴാണ് പുറകില്‍ നിന്ന് മായ വിളിച്ചത്.”

“രവി” ഇടയ്ക്ക് കയറി അവള്‍ പറഞ്ഞു. “ലോകത്തിലെ ഏതൊരു പക്കാ കാമുകി കാമുകന്മാരെപോലെ തന്നെ നമ്മളും- വിഷയ ദാരിദ്ര്യം അയല്‍പക്കത്തെങ്ങുമില്ല..... പക്ഷെ ബാക്കി കഥ എനിക്കൂഹിക്കാം. എനിക്കത് രവിയില്‍ നിന്നും കേള്‍ക്കണമെന്നില്ല.” എന്‍റെ മുഖത്തേക്ക് നോക്കി സ്ഥിരമായ ആ ചിരി സമ്മാനിച്ച്‌ അവള്‍ പറഞ്ഞു.

“So... ഇന്നത്തേയ്ക്ക് ഇത്രയുംമതി. ബാക്കി......” അതും ആ ചിരിയില്‍ അവള്‍ മുഴുമിപ്പിച്ചു. കൊണ്ടുവന്ന തടിയന്‍ രണ്ടു പുസ്തകങ്ങള്‍ മണ്ണുതട്ടി മാറോടുചേര്‍ത്ത് സുന്ദരമായ ചിരി കെടാതെതന്നെ ഒരു കണ്ണിറുക്കി കാണിച്ച്‌ റോഡിലേക്ക് നടന്നു. നേര്‍ത്തകാറ്റ് അവളുടെ വെളുത്ത ഷാളിനെ ഉലയ്ക്കുന്നതും നോക്കി ഞാന്‍ പിന്നെയും ഇരുന്നു- ഇരുട്ടു ആ തുണിക്കഷ്ണത്തെ മറയ്ക്കുന്നതുവരെ.

സമയം ഏറെയായെങ്കിലും ഉറക്കം വരുന്നേയില്ല.റോഡിലെ സോഡിയം ലാമ്പിന്‍റെ വെളിച്ചം മുറിയാകെ ഒരു മൂടല്‍മഞ്ഞുപോലെ പടര്‍ന്നുകിടന്നു. ചുവരില്‍നിന്നും പക്ഷിക്കുഞ്ഞുങ്ങളുടെ ‘കൂ..കു ... , കൂ..കു ... ശബ്ദമില്ലാത്ത മുറിയില്‍ ഞാന്‍ വല്ലാത്ത ഒരേകാന്തതയിലാണെന്ന് തോന്നി.

മായ എന്തിനായിരുന്നു ആ ക്ലോക്ക് തന്നെ എനിക്ക് തന്നത്, വേറെ എന്തെല്ലാം ആകായിരുന്നു- അവള്‍ ബുദ്ധിമതി ആയിരുന്നു, സാടിസ്റ്റും അല്ലായിരുന്നോ?

അതെ അവള്‍ സാടിസ്റ്റ്‌ ആയിരുന്നു, എന്‍റെ ഏകാന്ത നിമിഷങ്ങളുടെ ഭൂരിഭാഗവും ആ പക്ഷിക്കുഞ്ഞുങ്ങളിലൂടെ അവള്‍ സംസാരിച്ചുകൊണ്ടിരുന്നു.

‘ശ്ശേ, നാശം’ ഇത്രനാളും ആ ക്ലോക്കിന്‍റെ പ്രെസന്‍സ് എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ അതിന്‍റെ ആബ്സന്‍സും. എനിക്ക് എന്നോടുതന്നെ വെറുപ്പുതോന്നി.

ഒരു സിഗരറ്റ് കത്തിച്ചു ഞാന്‍ കട്ടിലില്‍ തിരിഞ്ഞുകിടന്നു. പുറത്ത് മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു. ഓവുചാലില്‍ നിന്ന് ചരലിലേക്ക് വീഴുന്ന വെള്ളത്തിന്‍റെ ശബ്ദവും കാറ്റിന്‍റെ മര്‍മ്മരവും എന്‍റെ ഉറക്കത്തെ അകറ്റി നിര്‍ത്തിക്കൊണ്ടിരുന്നു.

വീണ്ടും മായ- റോഡിലൂടെ നടക്കുന്ന ഞാന്‍, ഇരുവശവും സ്വല്പം ഉയര്‍ന്ന തിട്ടകളില്‍ തുടങ്ങി വലിയ കോവണികള്‍ പോലെ ഉയര്‍ന്നുയര്‍ന്നു പോകുന്ന പറമ്പില്‍ നിറയെ റബ്ബര്‍ മരങ്ങള്‍. കൂടെ നടന്നിരുന്ന മായ വലതുവശത്തെ തിട്ടയിലേക്ക് ചാടിക്കയറി എന്നോട് പറഞ്ഞു “ഇതിന്‍റെ മുകളില്‍ ഒരു കിണറുണ്ട് ഭയങ്കര ആഴമാ, വാ...കേറിവാ... ഞാന്‍ കാണിച്ചുതരാം.” അവള്‍ ഒരുകൈ എന്‍റെ നേരെ നീട്ടി. അല്ലാതെതന്നെ കയറാമായിരുന്നിട്ടും ഞാന്‍ അ കൈകളില്‍ പിടിച്ചാണ് മുകളിലേക്ക് കയറിയത്.

“രവിയുടെ റിസള്‍ട്ട്‌ എന്നാ വരിക, ഡിഗ്രിയ്ക്ക് ചേരുമോ അതോ വേറെ വല്ല പ്ലാനും ഉണ്ടോ?” എന്‍റെ കൈകളില്‍ നിന്നും പിടിവിടാതെതന്നെ നിറയെ കരിയിലകള്‍ വീണുകിടന്നിരുന്ന തൊട്ടത്തിലൂടെ അവ തട്ടിത്തെറുപ്പിച്ച് നടന്നുകൊണ്ട് മായ ചോദിച്ചു.

“പ്രത്യേകിച്ച് പ്ലാനോന്നുമില്ല എന്തായാലും റിസള്‍ട്ട് വരട്ടെ.”
“ഓ.. ഡിഗ്രിക്ക് പോയിട്ടെന്തിനാ, മൂന്ന് വര്‍ഷം കളയാം.” ചെറുതായ് ഒന്ന് നിര്‍ത്തി ഒരു ചിരിവരുത്തി തുടര്‍ന്നു. “വലിയ പ്രതീക്ഷയോന്നുമില്ലങ്കിലും അമ്മ കാത്തിരിക്കുവാ, ഇതറിഞ്ഞിട്ടുവേണം ആരുടെയെങ്കിലും തലയില്‍ എന്നെ കെട്ടിവയ്ക്കാന്‍.”

വേണ്ടതിലും ശക്തിയില്‍ കരിയിലപ്പുറത്തു ചവിട്ടി നടക്കുമ്പോഴും എന്‍റെ വലതു കയ്യില്‍ നിന്നും മായ പിടിവിട്ടിരുന്നില്ല. മാര്‍ദ്ദവമേറിയ ആ കയ്യില്‍നിന്നും വിടണമെന്നെനിക്കും തോന്നിയില്ല- ഞങ്ങള്‍ നടന്നു.

തറ നിരപ്പില്‍ നിന്നും ഒട്ടും ഉയരമില്ലാത്ത കിണര്‍, രണ്ടു പലകകള്‍ അതിനു കുറുകെ ഇട്ടിരുന്നു. വളരെ ആഴത്തില്‍ കണ്ണീരുപോലെ കുറച്ചു വെള്ളം കിടപ്പുണ്ട്. പണ്ടെങ്ങോ പൊട്ടിവീണ ഒരു തൊട്ടിയും പകുതിയോളം ചരലില്‍പ്പൂണ്ടു കിടപ്പുണ്ട്.

ഒരു ഉരുളന്‍ കല്ല്‌ അതിലേക്കിട്ട് മായ പറഞ്ഞു “ഞാന്‍ എവിടെ വരുമ്പോഴൊക്കെ ഓരോ കല്ല്‌ ഇതില്‍ ഇടാറുണ്ട്.....വെറുതെ...” ചെറുതായി ചിരിച്ചെന്നോട് ചോദിച്ചു “എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ?” ഞാനും ചിരിച്ച് ചുറ്റിനും നോക്കി.

കാട്ടുമരങ്ങള്‍ വളര്‍ന്ന ഒരു വലിയ മല കിഴക്ക് മേഘങ്ങളെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. കുറച്ചകലയായി വലിയ ഒരു പാറക്കൂട്ടം, അതിനു മുകളില്‍ ചെറിയ ഒരു കുടില്‍പോലെ ഒരു അമ്പലം. മുന്‍പില്‍ പല തട്ടുകളുള്ള ഒരു വിളക്ക്. പാറയുടെ വിള്ളലുകളില്‍ കുറ്റിചെടികള്‍ വളര്‍ന്നു നില്‍പ്പുണ്ട്.

“രവിയ്ക്ക് ദൈവവിശ്വാസമുണ്ടോ?” എന്‍റെ കൈ കുലുക്കിക്കൊണ്ട് മായ ചോദിച്ചു. “എന്തായാലും നമുക്ക് അവിടെവരെ പോകാം, ഇത്തിരി ബുദ്ധിമുട്ടാണ് അവിടെ എത്തിപ്പെടാന്‍.”

അതിന്‍റെ അടുത്തെത്തുന്തോറും വലുപ്പംവെച്ചുകൊണ്ടിരുന്നു. പാറയുടെ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ അമ്പലവും വിളക്കുമോന്നും കാണുവാന്‍ പറ്റുമായിരുന്നില്ല, കുറ്റിച്ചെടികളും കഷ്ടിച്ച് രണ്ടുപേര്‍ക്ക് കയറിപ്പോകാവുന്ന പടവും മാത്രം. അതിനോടുചേര്‍ന്നു നൂറടിയോളം താഴ്ചയില്‍ പാറ പൊട്ടിച്ചെടുത്തിരിക്കുന്നു. കുളംപോലെ കുറച്ചുവെള്ളം അടിയില്‍ പാറക്കഷ്ണങ്ങളോട്കൂടി കിടന്നിരുന്നു.

“രവി, പുലിമട കണ്ടിട്ടുണ്ടോ ദേ അവിടെയാ” പാറയുടെ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി മായ പറഞ്ഞു.

പാറയുടെ മുകളിലേക്ക് കയറുമ്പോള്‍ എപ്പോഴോ വീണ്ടും മായ എന്‍റെ കയ്യില്‍ പിടിച്ചിരുന്നു. എന്തോ വല്ലായ്മ തോന്നി ഞാന്‍ പറഞ്ഞു “മായേ നമുക്ക് പോകാം കിഴക്ക് കാറുവെച്ചുവരുന്നു.”
“ഹേയ് നമ്മള്‍ തിരിച്ചു ചെന്നിട്ടേ പെയ്യു.” എന്നെയും വലിച്ചുകൊണ്ട് മായ മുകളിലേക്ക് കൂടുതല്‍ വേഗത്തില്‍ നടന്നു.

പാറയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റും പച്ചപ്പുമാത്രം- കിഴക്ക് കാട്ടുമരങ്ങളും പടിഞ്ഞാറ് റബ്ബര്‍ മരങ്ങളും. കാടിനും തോട്ടങ്ങള്‍ക്കും ഇടയില്‍ കാവല്‍ക്കാരന്‍റെ കൂര പോലെ അമ്പലവും. പാറയില്‍ അവിടവിടയായി കുഴികളില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.

മായ പെട്ടെന്ന് തൊഴുതുവന്ന് എന്നോട് പറഞ്ഞു “ദേവീക്ഷേത്രമാ കുഞ്ഞുന്നാളില്‍ ഇവിടെ ഉത്സവം ഉണ്ടായിരുന്നു ഇപ്പോള്‍ ആരും വരാരുതന്നെ ഇല്ല.”
കാര്‍മേഘംഅവിടെയാകെ പരന്നിരുന്നു, ഒരുതുള്ളി എന്‍റെ കയ്യില്‍ വീണു.

“വേഗം ഇറങ്ങാം ചിലപ്പോള്‍ ഇതു പെയ്തേക്കും” ചെരുപ്പ് കാലില്‍ ഇട്ട് മായ മുന്‍പേ നടന്നു. പടവുകള്‍ അവിടവിടെ പൊട്ടിയിരുന്നതുകൊണ്ട് എനിക്ക് വേഗത തീരെയില്ലായിരുന്നു. അപ്പോള്‍ മൂന്നാല് വലിയ തുള്ളികള്‍ വീതം വീണുതുടങ്ങി ശരിക്കും പെയ്തു തുടങ്ങിയിരുന്നു.

“വേഗം ഇറങ്ങിവാ രവി പുലിമടയില്‍ കയറി നില്‍ക്കാം.” മുന്‍പില്‍ നിന്നും മായ വിളിച്ചു പറഞ്ഞു. ഒരുവിധത്തില്‍ പടികളിറങ്ങി ഗുഹ പോലെ തോന്നിച്ച ആ പുലിമടയില്‍ കയറിയപ്പോള്‍ ശരിക്കും നനഞ്ഞിരുന്നു.

അഞ്ചാറുപേര്‍ക്ക് നില്‍ക്കാവുന്ന അവിടെ ഒരു പാറയും രണ്ടുമൂന്ന് കീറിയ പത്രങ്ങളും ചീട്ടും കുറെ ബീഡിക്കുറ്റികളും അവിടവിടെ കിടപ്പുണ്ടായിരുന്നു. ആ പാറയില്‍ ഇരുന്നു മുണ്ടിന്‍റെ അറ്റംകൊണ്ട് തല തുവര്‍ത്തുന്നേരം മായ പറഞ്ഞു “പറപൊട്ടിയ്ക്കാന്‍ വരുന്ന പണിക്കാരുടെ സ്വന്തമാ ഇപ്പോള്‍ ഇത്.”

പാവാടയുടെ അടിഭാഗം കൊണ്ട് നീണ്ട മുടിയോപ്പി മായ മുന്‍പില്‍ നില്‍ക്കുകയായിരുന്നു. ഏതോ painting പോലെ, മായയുടെ വെളുത്തകാലിലെ ചെറുസ്വര്‍ണ്ണ രോമങ്ങളില്‍ ജലകണികകള്‍ പറ്റിനില്‍ക്കുന്നു. കൂടുതല്‍ നേരം നോക്കാന്‍കഴിയാഞ്ഞു ഞാന്‍ വെളിയില്‍ മഴത്തുള്ളികള്‍ വീണുതെറിക്കുന്നതും നോക്കിയിരുന്നു. “ഇതിപ്പോള്‍ തോരുന്ന ലക്ഷണമില്ല.” മായ പറഞ്ഞു “അമ്പലത്തില്‍ പോയതാ കുഴപ്പമായത്, ആല്ലേ രവി?”

“ഉം.” ഒന്ന് മൂളിഞാന്‍ മഴത്തുള്ളികള്‍ വീണുതെറിക്കുന്നതും നോക്കിയിരിക്കെ മായ എന്നോടുചെര്‍ന്നു പാറയില്‍ വന്നിരുന്നു. മായ എന്നോട് ചേര്‍ന്നിരുന്നത്കൊണ്ടാണോ തണുത്ത കാറ്റടിച്ചിട്ടാണോ എന്നറിയില്ല എന്‍റെ കൈയ്യിലെ രോമങ്ങള്‍ ഉയര്‍ന്നുവന്നു. പെട്ടെന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്നെ കൈയ്യില്‍ പിടിച്ചിരുത്തി മായ പറഞ്ഞു “തൂവാനമടിക്കുന്നുണ്ട് വെറുതെ എന്തിനാ ഇനിയും നനയുന്നെ.” ഒരനുസരണയുള്ള കുട്ടിയെപ്പോലെ ഞാന്‍ പാറമേല്‍ ഇരുന്നു. ഹൃദയമിടുപ്പിന്‍റെ വേഗത കൂടിയത് ഞാനറിഞ്ഞു.

“രവിയുടെ കൈ വല്ലാതെ തണുത്തിരിക്കുന്നല്ലൊ?”
“ഹേയ്... അതെപ്പോഴും അങ്ങനാ.” എന്‍റെ സ്വരത്തിനു വ്യതാസം സംഭവിച്ചിരുന്നു.
പെട്ടെന്ന് എന്‍റെ കൈ മായ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു, പുറകോട്ട് വലിച്ചുവെങ്കിലും ശക്തി പോരായിരുന്നു. ഇമവെട്ടാതെ എന്‍റെ കണ്ണിലേക്ക് നോക്കി വിടര്‍ന്നകണ്ണുകളുമായ്‌ മയയിരുന്നു.
എന്‍റെ ഹൃദയമിടുപ്പ് എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. മായയുടെ മാറിടം ഉയര്‍ന്നു താണു, വിടര്‍ന്ന മൂക്കിലൂടെ ഒരുപ്രാവശ്യം വായു പെട്ടെന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പോയി. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കെ എന്‍റെ കഴുത്തിലൂടെ കൈ മെല്ലെ ചുറ്റി ചുണ്ടില്‍ ചുംബിച്ചു.
മായയുടെ കണ്ണുകള്‍ നനഞ്ഞ് തിളക്കം കൂടിയതുപോലെ തോന്നി. അറിയാതെ മുഖം കുനിഞ്ഞപ്പോള്‍ എന്‍റെ മുടികള്‍ക്കിടയിലൂടെ വിരല്‍ ചേര്‍ത്ത് തന്‍റെ മാറിലേയ്ക്ക് അമര്‍ത്തി.
ഞാനൊരു കുട്ടിയാകുകയായിരുന്നു, കൊച്ചുകുട്ടി.....

ഉറക്കം ഒഴിഞ്ഞുനിന്ന ആ രാത്രിയില്‍ മായയുടെ വിയര്‍പ്പിന്‍റെ ഗന്ധം മുറിയാകെ നിറഞ്ഞു നില്‍ക്കുന്നതുപോലെ തോന്നി. കണ്ണ് തുറന്നാല്‍ വിയര്‍പ്പ് പൊടിഞ്ഞ കുറുനിരകളും പാതിവിരിഞ്ഞ മിഴികളുമായി മായ മുന്‍പില്‍...... എന്‍റെ പുറകെ ഉലഞ്ഞ മുടിയുമായി അവള്‍ വീട്ടിലേക്കു നടക്കുന്നു. നേരം വെളുക്കാറായിട്ടും ഞങ്ങള്‍ വീട്ടിലെത്താതെ നടത്തം തുടര്‍ന്നുകൊണ്ടിരുന്നു.

തൂങ്ങിയ കണ്ണുമായ് രാവിലെ ചായയും കുടിച്ചിരിക്കെ മായ മുറിയില്‍ കയറിവന്നുപറഞ്ഞു “രവിപോകുമ്പോള്‍ ഞാനുണ്ടാവില്ല.......ഒരു ഫ്രണ്ടിന്‍റെ വീടുവരെ പോകുവാ.” എന്‍റെ മുഖത്തുനിന്നു കണ്ണെടുക്കാതെ തുടര്‍ന്നു “രവിയുടെ ബാഗില്‍ കനം കൂട്ടാനായി ഒരു സാധനം വെച്ചിട്ടുണ്ട്........വീട്ടില്‍ ചെന്ന് തുറന്നുനോക്കിയാല്‍ മതി...... ഉപകരിച്ചേക്കും.” ചിരിച്ച് മുറിയില്‍ നിന്നിറങ്ങിയപ്പോഴാണ് മായ ഇത്രയ്ക്കും സുന്ദരിയാണെന്ന് തോന്നിയത്.

അന്നുമുതല്‍ എന്നെ വിടാതിരുന്ന മായയുടെ ഓര്‍മ്മകള്‍ ആ വാള്‍ക്ലോക്കിന്‍റെ രൂപത്തില്‍ ഒരു നിമിത്തമായി കൂടെനിന്നിരുന്നു.
പക്ഷെ.... ഇന്ന് അതിന്‍റെ അസാന്നിദ്ധ്യവും......
കത്തിച്ച സിഗറെറ്റിന്‍റെ ചാരം അതുപോലെ ബെഡ്ഡില്‍ വീണ് അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടുകൊണ്ടിരുന്നു. അത് ഊതി തറയിലിട്ടപ്പോള്‍ ചെറു കഷ്ണങ്ങളായി ഫാനിന്‍റെ കാറ്റില്‍പ്പെട്ട് നാലുപാടും ചിതറി.
ഉറക്കം വരുന്നതുപോലെ തോന്നി ഞാന്‍ കമിഴ്ന്നു കിടന്നു.

അവ്വ്യക്തമായ്‌ കിളികളുടെ ചില കേട്ടാണ് ഉണര്‍ന്നത്. നേരം വെളുത്തെന്നുകരുതി ഭിത്തിയില്‍ നോക്കിയപ്പോള്‍ മൂന്ന് മണിയെ ആയിട്ടുള്ളൂ.... ഞാന്‍ ചെറുതായ് ഭയന്നു.... വാള്‍ക്ലോക്ക്.... അത് ഭിത്തിയില്‍ അതേസ്ഥാനത്ത്.... കിളികളുടെ ചലപില ശബ്ദത്തോടൊപ്പം കൂ..കു, കൂ..കു ശബ്ദം ഉയര്‍ന്നു വന്നു.

ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, ദേഹം ഇത്രത്തോളം തണുത്തതായി ഇതിനു മുന്‍പ് തോന്നിയിട്ടേയില്ല. ലൈറ്റ് ഇടണമെന്ന് തോന്നിയെങ്കിലും ഭയം അനുവദിച്ചില്ല. വാതില്‍ തുറന്നു ഞാന്‍ റോഡും കടന്നു കടല്‍പ്പുറത്തെയ്ക്കോടി. അപ്പോഴും എന്‍റെ തൊട്ടുപുറകില്‍ കൂ..കു, കൂ..കു ശബ്ദം കൂടിക്കൂടി വന്നുകൊണ്ടിരുന്നു. ഞാന്‍ ഒടിക്കോണ്ടേയിരുന്നു – പൂഴിമണലില്‍ ആഞ്ഞുചവിട്ടി – എന്‍റെ
കാലുകള്‍ പൂഴിമണ്ണില്‍ തളരരുതെന്നു പ്രാര്‍ഥിച്ചുകൊണ്ട്........