Tuesday 6 August 2013

രാജവീഥികള്‍

                           
                                                                    രാജവീഥികള്‍


         ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചു കൊടുക്കുന്ന തികഞ്ഞ ഗാന്ധിയനായ ഞാന്‍ ഇന്നലെ ഒരുപാടുപേരെ പ്രാകി. സോളാറും പുന:സംഘടനയും അതിജീവിച്ച മുഖ്യനും, ആന്ധ്രയില്‍ തെലുങ്കാന മദമിളകിയിട്ട് കുലുങ്ങാത്ത പ്രഥമനും, സഭയില്‍ ആംഗങ്ങള്‍തമ്മില്‍ പോര് കയ്യാങ്കളിയോളം എത്തിയിട്ടും പിടിച്ചുനില്‍ക്കുന്ന സഭാധ്യക്ഷനും ഒരുപക്ഷെ ഈ പ്രാക്കില്‍ ഒരുപിടി ചാമ്പലാകാം.
         ഒരുനാളത്തെ അധ്വാനത്തിന്റെ ക്ഷീണത്തിലും, ട്രെയിന്‍ വൈകി എത്തിയതിന്റെ മുഷിപ്പിലും വീട്ടില്‍ വന്നപ്പോള്‍ സഹധര്‍മിണി കിടക്കയില്‍ അട്ടപോലെ കിടക്കുന്നു. വയര്‍ വേദനയാണ് കാരണം. രാവിലെ പോകുമ്പോള്‍ ചില ഹിന്ദി അക്ഷരങ്ങള്‍ പോലെ തല താഴെയും കൈ  ഭിത്തിയില്‍ പിടിച്ചുകൊണ്ടുമായിരുന്നു നടപ്പ്.
         നല്ല മഴയുണ്ടായിരുന്നത് കൊണ്ട് ഒരു ഓട്ടോ പിടിച്ച് ‘മള്‍ട്ടി സ്പെഷ്യല്‍’ മാത്തേരിയിലേക്ക് പോകാമെന്ന് കരുതി സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ നിരന്നു കിടക്കുന്നതെല്ലാം ആപെയും ആ ജനുസില്‍ പെട്ടവയും. പരിചയക്കാരന്‍ ചേട്ടനോട് കാര്യം പറഞ്ഞ് ഹൈവേ വഴി വടക്കോട്ട്‌ വെച്ചുപിടിച്ചു. ഒരമ്പത് മീറ്റര്‍ ചെന്നില്ല, ഓരോ ചെറിയ കുഴിയില്‍ വീഴുമ്പോഴും “അയ്യോ... അയ്യയ്യോ” എന്ന് അസുഖക്കാരി ഞരങ്ങുവാന്‍ തുടങ്ങി. വലിയ കുഴികളെ അതിസമര്‍ത്ഥമായി വെട്ടിച്ച് കൊണ്ടുപോയിട്ടും ചെറു കുഴികള്‍ ആ എക്ഷ്പീരിയന്‍സ്ട് ഡ്രൈവറെ തോല്‍പ്പിച്ചുകൊണ്ടിരുന്നത് അവളുടെ കരച്ചിലില്‍ നിന്ന് എനിക്ക് മനസിലായി.
                              ആരുടെയോ തലയില്‍ തെങ്ങ വീണതുപോലെയായി കാര്യങ്ങള്‍  അവിടെ ചെന്നപ്പോള്‍ - നോമ്പ്തുറക്കാന്‍ ഡോക്ടര്‍ വീടില്‍പ്പോയിരിക്കുന്നു, “കുറച്ച് വെയിറ്റ് ചെയ്യേണ്ടിവരും”. ഇനി ഒരു ഓട്ടോ പിടിച്ച് ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ കെല്‍പ്പില്ലാതെ ഞങ്ങള്‍ അവിടെത്തന്നെനിന്നു, അല്ല കിടന്നു. പണ്ട് കൊട്ടാരത്തിലെ പ്രസവ വാര്‍ഡിന്റെ പുറത്തു മേല്പ്പോട്ട് നോക്കി ഒരുദിവസം മുഴുവനും നിന്നത് വെറുതെ ഓര്‍ത്തുപോയി. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിച്ച പ്രകാരം ഒരിന്ജക്ഷന്‍... അതും പിള്ളാരെ പേടിപ്പിയ്ക്കാനുള്ളതുപോലെ വലിയ ഒന്ന്. കൈതണ്ടയില്‍ ശ്രമിച്ച് പരാജയപ്പെട്ട് ചില എക്സ്ട്രാ ഫിറ്റിംങ്ങുകളോടെ കൈയ്യുടെ പുറത്തുതന്നെ കുത്തിക്കയറ്റി. പിന്നയും കുറച്ചു കിടന്നു. ഒരുവിധം തല നേരെ നിരത്താമെന്നു വന്നപ്പോള്‍, നേഴ്സ്നോട് നന്ദിയും പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.
         വെളിയില്‍ ഇറങ്ങുമ്പോളും മഴ തോര്‍ന്നിട്ടില്ലായിരുന്നു. സ്റ്റാന്‍ഡില്‍ ഒരു ഓട്ടോ പോലുമില്ല, അങ്ങനെ ഇരുട്ടത്ത് എന്തുചെയ്യണമെന്ന് അറിയാതെ നിന്നപ്പോള്‍ ദൈവദൂതനെപ്പോലെ ഒരപ്പുപ്പന്‍ ഞങ്ങളുടെ മുന്‍പിലേക്ക് ഒരോട്ടോയില്‍ വന്നിറങ്ങി. ഡീസല്‍ ഓട്ടോ ആയിരുന്നെങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിന് കാത്തുനില്‍ക്കാതെ അതില്‍ക്കയറി. ഹൈവേ ശരിയല്ലന്നും ചന്ദനക്കാവ് വഴി പോയാല്‍ മതിയന്നും പയ്യന്‍സായ സാരഥിയോട് ആദ്യമേ പറഞ്ഞു.
         വലിയ പരിക്കുകളില്ലാതെ കൊട്ടാരപ്പാലവളവ് കഴിഞ്ഞു ഞങ്ങള്‍ മുന്‍പോട്ടു പോയി, പെട്ടെന്നായിരുന്നു അത്...  ഒരു ഭൂമികുലുക്കവും ധീനരോധനവും ഒരുമിച്ച്. ദാ കിടക്കുന്നു പുറകിലെ വീല്‍ ഒരെണ്ണം വെള്ളക്കുഴിയില്‍. ലൈഫില്‍ ഒരായിരം തവണയെങ്കിലും ഈ വഴി വന്നിട്ടുള്ള ഞാന്‍പോലും ഇതുവരെ ആ കുഴി അവിടെ കണ്ടിട്ടില്ല. കുറ്റബോധത്തോടെ പയ്യന്‍സ് തിരിഞ്ഞുനോക്കി ചോദിച്ചു, “ചേച്ചിക്ക് വിശേഷമാണോ?” “ഹേയ്...ചെറിയ വയറുവേദന.” എന്‍റെ പുറത്തേക്ക് വീണുപോയ വാമഭാഗത്തെ ഒരുഭാഗത്തേക്ക് ചാരിയിരുത്തി ഞാന്‍ പറഞ്ഞു. അങ്ങനെ വിശേഷം ഒന്നുമില്ലാതിരുന്നത് എത്രനന്നായി, അല്ലെങ്കില്‍ ഞാന്‍ പെട്ടേനെ!
         പട പേടിച്ച് പന്തളത്ത് ചെന്നപോലെയായി പിന്നീടങ്ങോട്ടുള്ള യാത്ര. ഒച്ചിഴയും വേഗത്തിലായിട്ടും നമ്മുടെ റോഡിലൂടെ ഈ അവസ്ഥയില്‍ പോകാന്‍ പറ്റുന്നില്ലല്ലോ. അവസാനം നേരെചൊവ്വെ യാത്ര ചെയ്യാന്‍ ദേശീയപാതയും മുനിസിപ്പാലിറ്റി റോഡും സംസ്ഥാനഹൈവേയും കടന്ന് ‘പതിബെല്‍’ എന്ന കുത്തകയുടെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വരേണ്ടിവന്നു.
         മുതലാളിത്തം നീണാള്‍ വാഴട്ടെ..........................

      




  

2 comments: